Wednesday 4 May 2022

 ഒരേ ഫോർമുല സിനിമകളിൽ ആവർത്തിച്ചു വരുന്നതിനെ സൗന്ദര്യശാസ്ത്ര മാനദണ്ഡങ്ങൾ വെച്ചല്ല, സാമ്പത്തിക മാനദണ്ഡങ്ങൾ വെച്ച് അളക്കണമെന്നു ലിൻഡ ഹച്ചിയൻ (Linda Hutcheon ) A Theory of Adaptation എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. വിജയം ഉറപ്പുള്ള ബിസിനസ്സിലാണല്ലോ വിവരമുള്ള ബിസിനസുകാർ മുതലിറക്കുക (നൂതന സംരംഭങ്ങളിൽ സാഹസികമായി മുതലിറക്കുന്നവർ അപൂർവമായി വിജയിക്കുന്നുണ്ട് എന്ന് മറക്കുന്നില്ല). ദരിദ്രമായ ചുറ്റുപാടുകളിൽ നിന്ന് സ്വന്തം പ്രയത്നം കൊണ്ട് ഉയർന്നു വരുന്ന നായകൻ വായിൽ മലബാർ ഗോൾഡ് ഡയമണ്ട് നെക്ലസുമായി ജനിക്കുന്ന (ശൈലി കുറച്ചു മാറ്റിയിട്ടുണ്ട്) നായികയെ കല്യാണം കഴിക്കുന്നു. പഴയ proletarian ബാല്യകാലത്തിന്റെ ഹാങ്ങോവർ മാറാത്ത നായകനും ചന്ദ്രിക കോമ്പ്ലെക്സുള്ള ("രമണൻ" എന്ന ചരിത്രം കാണുക) നായികയും തമ്മിൽ ഒരു വശത്തും , നായകനും നായികയുടെ തന്തപ്പടിയും തമ്മിൽ മറ്റൊരു വശത്തും നിരന്തരമായ സംഘർഷം നടക്കുക - ഇതാണ് ഫോർമുല. തന്തപ്പടി മരിക്കുക, മാനസാന്തരപ്പെടുക, നായിക പിണങ്ങിപ്പോയ ശേഷം നായകൻറെ അസൽ തിരിച്ചറിഞ്ഞു മടങ്ങി വരിക എന്നും കൂടിയുണ്ട്. ഈ സംഭവങ്ങൾക്കിടയിൽ പെട്ട് നായരച്ചനും പുലിയച്ചനും ഇടയിൽ ഹലാക്കിലാകുന്ന പോലെ വട്ടം കറങ്ങുന്ന കുട്ടികളെയും ഒരു വെറൈറ്റിക്ക് ചേർക്കാം. മലയാളി മനസ്സിൽ ഈ ഫോർമുല ആഴത്തിൽ വേരോടിയിട്ടുണ്ട്.

ചരിത്രത്തിൽ വ്യക്തികളും സംഭവങ്ങളും ആവർത്തിക്കുന്ന കാര്യത്തിൽ മാർക്സ് ഹെഗലിനെ പൂരിപ്പിച്ച പോലെ ലിൻഡ ഹച്ചിയനെ ഞാനും ഒന്ന് പൂരിപ്പിക്കട്ടെ. ഒരു ഫോർമുലയും അതേപടി അധികകാലം നിലനിൽക്കുന്നില്ല. മരുമക്കത്തായത്തിന്റെ ഹാങ്ങോവർ ശക്തമായിരുന്ന കാലത്ത് മുൻചൊന്ന നായകൻ മരുമകനും നായികയുടെ അച്ഛൻ അമ്മാവനുമായിരുന്നു അധിക കേസുകളിലും. അമ്മാവൻ പത്ത് പൈസ കൊടുക്കാത്തത് കൊണ്ട് കൂലിപ്പണി എടുത്തും മറ്റും നായകനെ പഠിപ്പിച്ച അമ്മയും അവിഭാജ്യഘടകമായിരുന്നു. ഇടതുപക്ഷ സാംസ്കാരിക നെടുനായകത്വം ശക്തമായ കാലത്ത് ഈ മരുമകൻ തൊഴിലാളികളുടെ കേസ് വാദിക്കുന്ന വക്കീലോ, തൊഴിലാളികളുടെ പക്ഷത്ത് നിൽക്കുന്ന മാനേജറോ ആകുന്നതും അസാധാരണമായിരുന്നില്ല. മരുമക്കത്തായം വിസ്മൃതിയിലേക്ക് മറയുമ്പോൾ നായകൻ അടുത്ത വീട്ടിലെ വേലക്കാരിയുടെ മകനോ മറ്റോ ആയിത്തുടങ്ങി. തൊഴിലാളികൾ മുഴുവൻ നോക്കുകൂലിക്കാർ ആകുന്ന പൊതുബോധത്തിൽ നായകനെ തഴിലാളികളുടെ വക്കീൽ ആക്കാൻ സംവിധായകർ മടിച്ചു തുടങ്ങി. ഭൂമി നഷ്ടപ്പെടുന്നവയുടെയും കുടിയൊഴിപ്പിക്കപ്പെടുന്നവരുടെയും വക്കീൽ ആകാൻ വിരോധമില്ല. അവർ അധികവും തൊഴിലാളികൾ തന്നെയാണെങ്കിലും അവരുടെ ആ ഐഡന്റിറ്റി മറച്ചു വെച്ച് അവർ വെറും 'ഇരകൾ' മാത്രമാകുന്നു.
ഇതൊരു ആമുഖമാണ്. ഒരു പാട് പറയാനുണ്ട്. പിന്നീടാകട്ടെ.

https://www.youtube.com/watch?v=Y9GzdD-37sw


Tuesday 3 May 2022

 My first post.  Will continue vigorously.


Best wishes

Sherrif